2 Samuel 14

1രാജാവിന്റെ മനസ്സു അബ്ശാലോമിന്റെ നേരെ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോൾ തെക്കോവയിലേക്കു ആളയച്ചു 2അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോടു: മരിച്ചുപോയവനെക്കുറിച്ചു ഏറിയനാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാൎയ്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും 3രാജാവിന്റെ അടുക്കൽ ചെന്നു അവനോടു ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവൾക്കു ഉപദേശിച്ചുകൊടുത്തു. 4ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു. 5രാജാവു അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവൾ പറഞ്ഞതു: അടിയൻ ഒരു വിധവ ആകുന്നു; ഭൎത്താവു മരിച്ചുപോയി. 6എന്നാൽ അടിയന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവെച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലായ്കകൊണ്ടു ഒരുത്തൻ മറ്റവനെ അടിച്ചുകൊന്നു. 7കുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവൻ കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭൎത്താവിന്നു പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാൻ ഭാവിക്കുന്നു. 8രാജാവു സ്ത്രീയോടു: നിന്റെ വീട്ടിലേക്കു പോക; ഞാൻ നിന്റെ കാൎയ്യത്തിൽ കല്പന കൊടുക്കും എന്നു പറഞ്ഞു. 9ആ തെക്കോവക്കാരത്തി രാജാവിനോടു: എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിന്നും സിംഹാസനത്തിന്നും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു. 10അതിന്നു രാജാവു: നിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു. 11രക്തപ്രതികാരകൻ അധികം സംഹാരം ചെയ്കയും എന്റെ മകനെ അവർ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു രാജാവു ദൈവമായ യഹോവയെ ഓൎക്കേണമേ എന്നു അവൾ പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ മകന്റെ ഒരു രോമംപോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു. 12അപ്പോൾ ആ സ്ത്രീ: യജമാനനായ രാജാവിനോടു അടിയൻ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്നു അവൻ പറഞ്ഞു. 13ആ സ്ത്രീ പറഞ്ഞതു: ഇങ്ങനെയുള്ള കാൎയ്യം നീ ദൈവത്തിന്റെ ജനത്തിന്നു വിരോധമായി വിചാരിക്കുന്നതു എന്തു? രാജാവു തന്റെ ഭ്രഷ്ടനെ മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ടു രാജാവു തന്നേ കുറ്റക്കാരനെന്നു വന്നുവല്ലോ. 14നാം മരിക്കേണ്ടുന്നവരല്ലോ: നിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേൎത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാൎഗ്ഗം ചിന്തിക്കുന്നു. 15ഞാൻ ഇപ്പോൾ യജമാനനായ രാജാവിനെ ഈ കാൎയ്യം ഉണൎത്തിപ്പാൻ വന്നതു ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു; അതുകൊണ്ടു ഇപ്പോൾ രാജാവിനെ ഉണൎത്തിക്കട്ടെ. പക്ഷേ രാജാവു അടിയന്റെ അപേക്ഷ പ്രകാരം ചെയ്യുമായിരിക്കും; 16രാജാവു കേട്ടു എന്നെയും എന്റെ മകനെയും ഒന്നിച്ചു ദൈവത്തിന്റെ അവകാശത്തിൽനിന്നു നശിപ്പിപ്പാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുമല്ലോ എന്നു അടിയൻ വിചാരിച്ചു. 17യജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാൻ യജമാനനായ രാജാവു ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയൻ വിചാരിച്ചു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. 18രാജാവു സ്ത്രീയോടു: ഞാൻ നിന്നോടു ഒരു കാൎയ്യം ചോദിക്കുന്നു; അതു എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു. 19അപ്പോൾ രാജാവു: ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ എന്നു ചോദിച്ചതിന്നു സ്ത്രീ ഉത്തരം പറഞ്ഞതു: യജമാനനായ രാജാവേ, നിന്റെ ജീവനാണ, യജമാനനായ രാജാവു അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആൎക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നേ ആകുന്നു ഇതു അടിയനോടു കല്പിച്ചതു; അവൻ തന്നേ ഈ വാചകമൊക്കെയും അടിയന്നു ഉപദേശിച്ചുതന്നതു. 20കാൎയ്യത്തിന്റെ രൂപം മാറ്റേണ്ടതിന്നു നിന്റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ളതൊക്കെയും അറിവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിന്നൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു. 21രാജാവു യോവാബിനോടു: ഞാൻ ഈ കാൎയ്യം സമ്മതിച്ചിരിക്കുന്നു; അതു കൊണ്ടു നീ ചെന്നു അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു. 22യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കുപോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പിൽ കൃപ ലഭിച്ചു എന്നു അടിയൻ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു. 23അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു. 24എന്നാൽ രാജാവു: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.

25എന്നാൽ എല്ലായിസ്രായേലിലും സൌന്ദൎയ്യംകൊണ്ടു അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു. 26അവൻ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചതു; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെൽ കാണും. 27അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൌന്ദൎയ്യമുള്ള സ്ത്രീ ആയിരുന്നു. 28രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാൎത്തു. 29ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയക്കേണ്ടതിന്നു അവനെ വിളിപ്പാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമതു പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല. 30അതുകൊണ്ടു അവൻ തന്റെ ഭൃത്യന്മാരോടു: എന്റെ നിലത്തിന്നരികെ യോവാബിന്നു ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങൾ ചെന്നു അതു തീവെച്ചു ചുട്ടുകളവിൻ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു. 31അപ്പോൾ യോവാബ് എഴുന്നേറ്റു അബ്ശാലോമിന്റെ വീട്ടിൽ ചെന്നു അവനോടു: നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞതു എന്തു എന്നു ചോദിച്ചു. 32അബ്ശാലോം യോവാബിനോടു: ഞാൻ ഗെശൂരിൽനിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നേ പാൎത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാൻ നിന്നെ അവന്റെ അടുക്കൽ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു. 33യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.

Copyright information for Mal1910